കാഠ്മണ്ഡു: നേപ്പാളിനെ തകർത്തെറിഞ്ഞ മിന്നൽപ്രളയത്തിൽ മരണം 389 ആയി. ടിബറ്റിൽ മൂന്നു പേരും മരിച്ചു. 288 ഇന്ത്യക്കാരടക്കം ആയിരത്തിലേറെ പേരെ കാണാതായി. മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കുമെന്നാണ് ആശങ്ക.
രക്ഷാപ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. നേപ്പാളിനു സഹായവുമായി ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം ബിഹാറിലെ ഗണ്ഡക് നദിയിൽനിന്നു നാലു മൃതദേഹങ്ങൾ കണ്ടെത്തി. ഇവ നേപ്പാളിൽനിന്ന് ഒഴുകിയെത്തിയതെന്നാണു നിഗമനം.
ബുധനാഴ്ച ടിബറ്റ് അതിർത്തിയിലാണു മിന്നൽപ്രളയമുണ്ടായത്. മധ്യ നേപ്പാളിലൂടെ കുതിച്ചൊഴുകിയ വെള്ളം ഒട്ടേറെ പട്ടണങ്ങളെയും ഗ്രാമങ്ങളെയും തുടച്ചുനീക്കി. സുപ്രധാന പാലങ്ങളും ജലവൈദ്യുത പദ്ധതികളും നാമാവശേഷമായി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം ജലപ്രവാഹത്തിൽ നാശനഷ്ടമുണ്ടായി. കാണാതായ ആയിരത്തോളം പേരിൽ 590 പേർ ടൂറിസ്റ്റുകളാണ്. 30 രാജ്യങ്ങളിൽനിന്നുള്ളവരാണിവർ.
ഹിമപാളികൾ ഇടിഞ്ഞുവീണതും തുടർന്ന് മണ്ണും പാറകളും അടക്കമുള്ള അവശിഷ്ടങ്ങളുടെ പ്രവാഹവുമാണു വൻ ദുരന്തത്തിനു കാരണമായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. വൻ ജലപ്രവാഹവും പാറകളും മണ്ണും മറ്റ് അവശിഷ്ടങ്ങളും അടിഞ്ഞതും ലെൻഡെ നദിയിൽ ലാൻഡ്സ്ലൈഡ് ഡാം രൂപപ്പെടാനിടയാക്കി. വൈകാതെ ഇതു തകർന്ന് ചെളിയും പാറകളും ഭോട്ടെ കോശി, ത്രിശൂലി നദികളിലേക്കു കുതിച്ചൊഴുകിയതാണു ദുരന്തത്തിനു കാരണം. ഭോട്ടെ കോശി നദിയുടെ പോഷകനദിയാണു ലെൻഡെ.
30 മിനിറ്റിനുള്ളിൽ ത്രിശൂലി നദിയിൽ ഒന്പത് മീറ്റർ ജലമുയർന്നു. ടിബറ്റിലുണ്ടായ ഭൂകന്പമാണു മിന്നൽപ്രളയത്തിനു കാരണമെന്നാണു നേരത്തേയുണ്ടായ റിപ്പോർട്ട്. ടിബറ്റിന്റെ അതിർത്തിയിലുള്ള റസുവ ജില്ലയിലാണ് ആദ്യം പ്രളയദുരന്തമുണ്ടായത്. ഇവിടെ അനേകം അടി ഉയരത്തിൽ മണ്ണും ചെളിയും അടിഞ്ഞു. ഇതു താഴ്ന്നപ്രദേശങ്ങളിലേക്കു കുതിച്ചൊഴുകി വലിയ ദുരന്തമുണ്ടാകുകയായിരുന്നു.
ഒട്ടേറെ മനുഷ്യരും മൃഗങ്ങളും കെട്ടിടങ്ങളും വാഹനങ്ങളും മരങ്ങളും ഒഴുകിപ്പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നേപ്പാളിൽ ആയിരക്കണക്കിനു പേർ ഭവനരഹിതരായി. ചിത്വൻ ജില്ലയിൽനിന്നാണ് ഏറ്റവും അധികം മൃതദേഹങ്ങൾ കണ്ടെടുത്തത്.നൂറോളം സുരക്ഷാസൈനികരെക്കുറിച്ചു വിവരമില്ല.
വീണ്ടും മിന്നൽപ്രളയ ഭീതി
നേപ്പാളിലെ റസുവ ജില്ലയിൽ പുതുതായി രൂപപ്പെട്ട തടാകം ഏതു നിമിഷവും തകരാമെന്ന് ചൈനീസ് അധികൃതർ മുന്നറിയിപ്പു നല്കി. തടാകത്തിൽ 20 ലക്ഷം ഘനമീറ്റർ ജലമുണ്ടെന്നും അടുത്ത മൂന്നു ദിവസത്തിനകം 30 ഘന ക്യുബിക് മീറ്റർ ജലംകൂടി ഒഴുകിയെത്തുമെന്നാണു മുന്നറിയിപ്പ്.
അങ്ങനെ സംഭവിച്ചാൽ തടാകം തകർന്ന് വീണ്ടും മിന്നൽപ്രളയമുണ്ടായേക്കും. നേപ്പാളിലെ ഛോച്ചെൻ ഖോല, പുരേപു സാംഗ്പോ നദികളുടെ സംഗമസ്ഥാനത്താണു പുതിയ തടാകം രൂപപ്പെട്ടത്. ടിബറ്റിൽനിന്ന് ഉത്ഭവിക്കുന്ന ഈ നദികൾ നേപ്പാളിലേക്ക് ഒഴുകി ഭോട്ടോ കോശിയിലാണു പതിക്കുന്നത്.
കാണാമറയത്ത് കാണാമറയത്ത്285 ഇന്ത്യക്കാർ
ന്യൂഡൽഹി: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തെത്തുടർന്ന് കേരളത്തിൽനിന്നുള്ള 33 പേർ ഉൾപ്പെടെ 285 ഇന്ത്യക്കാരുമായി ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഇവരിൽ ത്രിശൂലി 1 ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്യുന്ന 73 ഇന്ത്യക്കാരും വിവിധ സംഘങ്ങൾക്കൊപ്പം പോയ വിനോദസഞ്ചാരികളും ഉൾപ്പെടുന്നതായി പ്രത്യേക വാർത്താ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
തമിഴ്നാട്ടിൽനിന്ന് 86 പേർ, ബംഗാളിൽനിന്ന് 32 പേർ, മറ്റ് സംസ്ഥാനങ്ങളിൽനിന്നായി 61 പേർ എന്നിവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. തമിഴ്നാട്ടിൽ നിന്നുള്ള 21 പേരെയും ത്രിശൂലി 1 ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ 33 ജോലിക്കാരെയും ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഏകദേശം ഇരുനൂറോളം ഇന്ത്യക്കാർ ചൈനീസ് മേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്.ഇവരെ പുറത്തെത്തിക്കുന്നതിനുള്ള ശ്രമം ബെയ്ജിംഗിലെ ഇന്ത്യൻ എംബസി തുടരുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
53 മലയാളികൾ കുടുങ്ങിയെന്ന് നോർക്ക
നേപ്പാളിലുണ്ടായ ശക്തമായ പ്രളയത്തെത്തുടർന്ന് കുട്ടികൾ ഉൾപ്പെടെ 53 മലയാളികൾ കുടുങ്ങിയതായി നോർക്ക റൂട്ട്സ് അറിയിച്ചു. ഇവരുമായി നേരിട്ടു ബന്ധപ്പെടാൻ ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നോർക്കയുടെ വിലയിരുത്തലെന്ന് നോർക്ക റൂട്ട്സ് സിഇഒ രാജേഷ് മാധവൻ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസും ചീഫ് സെക്രട്ടറിയുടെ ഓഫീസും വഴി, നേപ്പാളിൽ കുടുങ്ങിയ മലയാളികളെക്കുറിച്ചുള്ള 17 സെറ്റ് വിവരങ്ങൾ ലഭിച്ചതായി രാജേഷ് മാധവൻ പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുംബാംഗങ്ങളും മുതിർന്നവരും കുട്ടികളും ഉൾപ്പെടെ 53 മലയാളികളെ തിരിച്ചറിഞ്ഞത്.